ഓണം

+17 प्रतिक्रिया 0 कॉमेंट्स • 10 शेयर

തിരുവോണനാളിൽ ഉണ്ണാവ്രതം ☘🌺🌾🌸☘🌺🌾🌸☘🌺🌾🌸☘🌺🌾🌸☘ എല്ലാവരും സദ്യ ഉണ്ണുന്ന തിരുവോണ ദിവസം, പട്ടിണി ഇരിക്കുന്ന മൂന്ന് ഇല്ലങ്ങളുണ്ട് ആറന്മുളയിൽ. ദാരിദ്ര്യത്തിന് ഒരു അവധി ദിവസമുണ്ട്. അത് തിരുവോണമാണ്. അന്ന് എല്ലാവരും ‘കാണം വിറ്റും ഓണം ഉണ്ണും.’ എല്ലാവരുടേയും മനസ്സു നിറയും. വിശപ്പു മാറും. സന്തോഷത്തിനായുളള കാരണങ്ങൾ അവരവർ തന്നെ കണ്ടുപിടിക്കും. ലോകത്തുളള മലയാളികൾ മുഴുവൻ സന്തോഷിക്കുന്ന ആ തിരുവോണദിവസം മൂന്നു കുടുംബക്കാർ മാത്രം പട്ടിണിയായിരിക്കും. കഴിഞ്ഞ നൂറ്റിയമ്പതു വർഷമായി ഈ വ്രതം നിശ്ശബ്ദമായി അനുഷ്ഠിക്കപ്പെട്ടു വരുന്നു. ചരിത്രവും ഐതിഹ്യവും മാല കോർക്കുന്ന ഒരു അപൂർവ കഥ കൂടിയാണ് മൂന്നു കുടുംബക്കാരുടെ ഉണ്ണാവ്രതം. പമ്പയാറിന്റെ കരയിൽ ആറന്മുളയപ്പന്റെ ദേശത്താണ് അപൂർവമായ ഈ പട്ടിണിക്കഥ. ‘‘ഓണദിവസം ആറന്മുള ക്ഷേത്രത്തിലെ ദീപാരാധനവരെ അന്നമോ ജലപാനമോ ഇല്ലാതെയാണു വ്രതം. ഉമിനീരു പോലും ഇറക്കില്ല. പൂർവികരുടെ പാപങ്ങൾക്കു പരിഹാരമായാണ് ഇതൊക്കെ അനുഷ്ഠിക്കുന്നത്.’’ഉണ്ണാവ്രതം എടുക്കുന്ന തെക്കേടത്ത് ഇല്ലത്തെ സുബ്രഹ്മണ്യൻ മൂസത് പാർത്ഥ സാരഥിയായ ആറന്മുള ഗവാനെ മനസ്സിൽ സ്മരിച്ച് കൈകൂപ്പി. ഐതിഹ്യവും യാഥാർഥ്യവും ഇഴ ചേർത്തെടുത്താണ് ആറന്മുളയിലെ ഉണ്ണാവ്രതം, തന്റെ ഭക്തർ ഒരിക്കലും പട്ടിണി കിടക്കരുതെന്ന് അന്നദാനപ്രഭുവായ ആറന്മുളയപ്പനു നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഓണദിവസങ്ങളിൽ. അതു കൊണ്ട് ആറന്മുള ക്ഷേത്രത്തിന്റെ അധീനതയിലുളള കരകളിൽ എല്ലാ ഓണക്കാലത്തും പാവപ്പെട്ടവർക്ക് അരിയും നെല്ലും കലവറകളിലുളള മറ്റിനങ്ങളും വിതരണം ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ ഭരണാവകാശമുളള ഒമ്പത് ഊരായ്മ കുടുംബങ്ങൾക്കായിരുന്നു അതിന്റെ ചുമതല. ക്ഷേത്രസ്വത്തിൽ കൃഷിയിറക്കാനും വിളവെടുക്കാനും ഈ കുടുംബങ്ങൾക്ക് അവകാശവുമുണ്ടായിരുന്നു. ഈ ഒമ്പത് കുടുംബങ്ങളിൽ ചിലത് കാലക്രമേണ ക്ഷയിച്ചു. തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര, മംഗലപ്പളളി എന്നീ നാല് ഇല്ലങ്ങളാണ് അതിൽ കാലത്തെ അതിജീവിച്ചു നിന്നത്. ഊരായ്മ നാലു കുടുംബങ്ങളിലേക്ക് ചുരുങ്ങിയെങ്കിലും ആറന്മുള ക്ഷേത്രത്തിലുളള അവകാശവും നെല്ലളക്കാനുളള ചുമതലയും പതിറ്റാണ്ടുകളോളം ഈ കുടുംബങ്ങളിൽ തന്നെ നിലനിന്നിരുന്നു. ‘‘നാലു മഠങ്ങളിൽ വച്ചായിരുന്നു അന്ന് അളവ് നടന്നിരുന്നത്. ’’ സുബ്രഹ്മണ്യൻ മൂസത് പഴമയുടെ കഥകളിലേക്കു കടന്നു. ‘‘കോഴഞ്ചേരിക്ക് അപ്പുറം പനഞ്ചേരിമുക്കിലുളള ചെറുകര മഠത്തിൽ നെല്ലളവ് തുടങ്ങും. രണ്ടാം ദിവസം നാരങ്ങാനത്ത് മഠത്തിലും മൂന്നാം ദിവസം കണ്ണങ്ങാട്ട് മഠത്തിലും നാലാം ദിവസം ആറന്മുളക്ഷേത്രത്തിലെ വിളക്കുമാടത്തിലും വച്ച് നെല്ലളവ് നടക്കും. അത്തം കഴിഞ്ഞ് വരുന്ന ചോതിനാൾ നാലു സ്ഥലങ്ങളിലും നെല്ലളവ് ഉണ്ടാകും. ചോതി അളവ് എന്നാണ് ഇതറിയപ്പെടുന്നത്.’’ അങ്ങനെ കുറേ നാളുകൾ കഴിഞ്ഞപ്പോൾ ഇല്ലങ്ങളിൽ തീരാ വ്യാധികൾ കണ്ടു തുടങ്ങി. ആറന്മുളയപ്പന്റെ തന്ത്രത്തിനും പൂജയ്ക്കും അവകാശമുളള ഇല്ലങ്ങളാണ്. എന്നിട്ടും തുടരെത്തുടരെ അനിഷ്ടങ്ങൾ. ദുർമരണങ്ങൾ വരെയുണ്ടായി. സങ്കടങ്ങൾ പൊറുതിമുട്ടിച്ചപ്പോൾ പ്രശ്നവിധികളിലേക്കു കടന്നു. ആ പ്രശ്നവിധികളിൽ തെളിഞ്ഞത് ചിങ്ങമഴ പെയ്ത ഒരു പകൽ നടന്ന ദാരുണമായ സംഭവമായിരുന്നു. ഒരിക്കൽ ഒരു മഴക്കാലത്ത് ********************** നെല്ലളവിന്റെ മൂന്നാം ദിവസമായിരുന്നു ആ സംഭവം. കണ്ണങ്ങാട്ട് മഠത്തിലാണ് അന്ന് അളവ് നടന്നത്. രാവിലെ മുതൽ കോരിച്ചൊരിയുന്ന മഴയായിരുന്നു. എങ്കിലും കണ്ണങ്ങാട്ട് മഠത്തിൽ പതിവിലേറെ തിരക്കായിരുന്നു നെല്ലു വാങ്ങാൻ. ആൾക്കാർ വരി നിന്നും പിന്നെ, തിക്കിത്തിരക്കിയും നെല്ല് വാങ്ങിപ്പോയി. സന്ധ്യയ്ക്ക് നെല്ലളവ് കഴിഞ്ഞ് കാരണവന്മാർ കാളവണ്ടികളിൽ മടങ്ങിപ്പോയി. എന്നാൽ പിറ്റേന്നു രാവിലെ ഒഴിഞ്ഞ മൂലയിൽ ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടു. കോരിച്ചൊരിയുന്ന മഴയിൽ ആ തിക്കിലും തിരക്കിലും പെട്ട് ഗർഭിണിയായിരുന്ന സ്ത്രീ മരിക്കുകയായിരുന്നു എന്നായിരുന്നു ഐതിഹ്യം. ബോധപൂർവം അല്ലെങ്കിലും ഒരു സ്ത്രീയുടെ അതും ദുർബലമായ സമൂഹത്തിലുളള പാവപ്പെട്ട സ്ത്രീയുടെ മരണം. അവരോടൊപ്പം ജീവൻ നഷ്ടപ്പെട്ട കുഞ്ഞ്, വിശപ്പകറ്റാമെന്ന പ്രതീക്ഷയോടെ നെല്ല് വാങ്ങാൻ നിൽക്കേണ്ടി വന്ന സാഹചര്യം, കൊടുംമഴയിൽ കിടന്ന് ജീവൻ പോയ ദുരവസ്ഥ എല്ലാം കൊണ്ടും കൊടുംപാപത്തിന്റെ ആ ഇരുട്ടായിരുന്നു അന്ന് ഇല്ലങ്ങളുടെ മേൽ വന്നു വീണത്. ഈ പാപത്തിന്റെ ഫലമായിരുന്നു ഇല്ലത്തുളളവർ ക്രമേണ അനുഭവിക്കാൻ തുടങ്ങിയത്. അറിയാതെയാണെങ്കിലും വന്നു ഭവിച്ച ഈ കൊടുപാപത്തിന് എന്താണ് പരിഹാരം? കാരണവന്മാർ കൂടിയിരുന്ന് ആലോചിച്ചു. ജ്യോത്സ്യരെ വരുത്തി പ്രശ്നം നോക്കി. കൊടിമരം സ്വർണം പൂശിയാൽ പരിഹാരമാകുമോ എന്ന് അന്വേഷണമുണ്ടായി സാധുക്കൾക്ക് സർവവിഭവങ്ങളും കൂട്ടി സദ്യ കൊടുത്താലോ എന്നും അന്വേഷിച്ചു. ഈ പരിഹാരമാർഗങ്ങളിലൊന്നും പ്രശ്നത്തിൽ തൃപ്തി തെളി‍ഞ്ഞില്ല. പരിഹാരങ്ങൾ നിർദേശിക്കാതെ പ്രശ്നമങ്ങനെ നീണ്ടു പോയി. മനഃപൂർവം അല്ലെങ്കിലും പാപം പാപം തന്നെയാണ്. ഒടുവിൽ വിശപ്പാണു പ്രായശ്ചിത്തം എന്നൊരു പരിഹാരം തെളിഞ്ഞു വന്നു. നാട്ടുകാർ വിഭവസമൃദ്ധമായി ഭക്ഷണം കഴിക്കുമ്പോൾ ഇല്ലത്തുളളവർ പട്ടിണിയിരിക്കുക അതും തിരുവോണദിവസം. തിരുവോണം ഉളള കാലത്തോളം തലമുറകൾ കൈമാറി ഈ ഉണ്ണാവ്രതം അനുഷ്ഠിക്കുക. അതായിരുന്നു. പ്രശ്നത്തിൽ തെളിഞ്ഞ ഏക പരിഹാരം. അങ്ങനെ തുടങ്ങിയതാണ് ആറന്മുളയിലെ ഉണ്ണാവ്രതം. തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര എന്നിവിടങ്ങളില്‍ നിന്നുള്ള കാരണവന്മാരാണ് ഈ ആചാരം നോല്‍ക്കുന്നത്. നാലു ഇല്ലങ്ങളാണ് ഉണ്ണാവ്രതം അനുഷ്ഠിക്കേണ്ടതെങ്കിലും മൂന്നു ഇല്ലങ്ങളെ അങ്ങനെ ചെയ്യുന്നുള്ളൂ. അതിനു കാരണം മംഗലപ്പളളി–പുത്തേഴത്ത് ഇല്ലങ്ങൾക്ക് ഇപ്പോൾ കാരണവന്മാർ ഒന്നേയുളളൂ. ഉമിനീരിറക്കാത്ത വ്രതം ******************* തെക്കേടത്ത് പുത്തേഴത്ത് ചെറുകര ഇല്ലങ്ങളിലെ കാരണവന്മാർ അതിരാവിലെ തന്നെ ജലപാനം പോലുമില്ലാതെ ആറന്മുളക്ഷേത്രത്തിൽ എത്തുന്നു. ദേവനെ വണങ്ങിയ ശേഷം കാട്ടൂർ മനയിൽ നിന്നു വരുന്ന തിരുവോണത്തോണി കാണാനെത്തും. അതുകഴിഞ്ഞാൽ അമ്പലങ്ങളിൽ നിന്ന് തിരിച്ച് ഇല്ലങ്ങളിലേക്കു മടങ്ങുന്നു. പിന്നീട് ഒന്നും കഴിക്കില്ല. നാമജപമാണ് ഈ സമയത്ത് പ്രധാനമായും ചെയ്യുന്നത്. വൈകിട്ട് അമ്പലത്തിൽ തിരിച്ചെത്തി, ദീപാരാധന തൊഴുത് ദേവനു നിവേദിക്കുന്ന ഇളനീരും കദളിപ്പഴവും പ്രസാദമായി സ്വീകരിക്കും. അതിനു ശേഷം വീണ്ടും ഇല്ലങ്ങളിലേക്കു മടങ്ങും. തിരുവോണം ഇരുട്ടി അവിട്ടം വെളുക്കുന്നതു വരെ ഉണ്ണാവ്രതം തുടരും. പട്ടിണി നിശ്ശബ്ദമായതു കൊണ്ടാകണം ആറന്മുളയിലെ ഉണ്ണാവ്രതം പുറം ലോകം ആഘോഷമാകാത്തത്. ഇവിടെ ചരിത്രമുണ്ട്, ഐതിഹ്യമുണ്ട് അതിലുപരിയായി സ്ത്രീ ആദരിക്കപ്പെടുന്ന ധന്യമൂഹൂർത്തവുമുണ്ട്. by വി.ആർ. ജ്യോതിഷ്

+21 प्रतिक्रिया 3 कॉमेंट्स • 23 शेयर