+12 प्रतिक्रिया 0 कॉमेंट्स • 7 शेयर

#നാളെ 🍁----🍁 യുദ്ധാനന്തരം രാജസൂയവും കഴിഞ്ഞ് യുധിഷ്ഠിരൻ സിംഹാസനാരൂഢനായി. എക്കാലത്തേയും ഉത്തമമായ ഭരണം. പ്രജാക്ഷേമം മാത്രം ലക്ഷ്യം. സങ്കടങ്ങളും പരാതികളും രാജൻ നേരിട്ട് കേൾക്കും. പ്രതിവിധി ഉടനുടൻ. കാര്യങ്ങളുടെ പ്രവർത്തനം നേരിട്ട് പരിശോധിച്ച് പഴുതടയ്ക്കാൻ വൃകോദരൻ ദത്തശ്രദ്ധൻ. കഷ്ടപ്പാടുകളും ദുഃഖങ്ങളുമുണ്ട്. അത് മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലൊ. ഒരു പ്രഭാതത്തിൽ ഒരു വയോവൃദ്ധൻ കൊട്ടാരവാതിൽക്കലെത്തി. കൊട്ടാര മുറ്റത്തു വെച്ച് ഭീമസേനൻ അദ്ദേഹത്തെ സ്നേഹപൂർവ്വം വരവേറ്റു. പാനീയം കൊടുത്തു ക്ഷീണമകറ്റി. പിന്നെ ചോദിച്ചു: "എന്താണങ്ങേക്കാവശ്യം?" താണു തൊഴുത ആ മുഖം പിടിച്ചുയർത്തി തോളിൽ കൈ ചേർത്ത് യുവരാജാവ് പറഞ്ഞു: " വേണ്ട, സംശയിക്കണ്ട. എന്തായാലും പറയൂ." "അടിയന്റെ മകളുടെ വിവാഹമാണ്‌. സാമ്പത്തിക സഹായമാണ് ആവശ്യം." ഇത്രേയുള്ളു എന്ന മട്ടിൽ ഭീമൻ ചിരിച്ചു. അകത്തേക്ക് കൈ ചൂണ്ടിപ്പറഞ്ഞു. "ചെല്ലൂ, ധൈര്യമായി ചെല്ലൂ. രാജാവിനോട് നേരിട്ടു തന്നെ ചോദിക്കൂ." വൃദ്ധൻ അകത്തുചെന്നു. അധികം വൈകാതെ വൃദ്ധൻ പുറത്തുവന്നു. ഭീമൻ ചോദിച്ചു. "ഒക്കെ ശരിയായില്ലേ? സന്തോഷമായില്ലേ?" വൃദ്ധൻ നെടുവീർപ്പിട്ടു. പിന്നെ പതുക്കെ അറിയിച്ചു. "തിരുമനസ്സുകൊണ്ട് അല്പം തിരക്കിലാണ്. നാളെ വരാൻ പറഞ്ഞു. " ഭീമസേനന്റെ മുഖം വല്ലാതായി. വൃദ്ധനെ അണച്ചുപിടിച്ച് ഒരു ഇരിപ്പിടത്തിലെത്തിച്ചു. "ഇരിക്കൂ. പോകാൻ വരട്ടെ." ഭീമൻ നേരെ ആഘോഷാവസരങ്ങളിൽ മുഴക്കാനുള്ള വലിയ മണിയുടെ അടുത്തെത്തി ഉച്ചത്തിലുച്ചത്തിൽ മണിയടിച്ചു. നാലുഭാഗത്തു നിന്നും ആളുകൾ ഓടിയെത്തി. എന്താണ് സന്തോഷ വാർത്ത എന്നവർക്കറിയണം. മഹാരാജാവും വാതിൽക്കലെത്തി. ഭീമന്റെ ആഹ്ലാദത്തിന്റെ പൊരുളറിയാതെ അദ്ദേഹവും അമ്പരന്നു. പൗരമുഖ്യരിലൊരാൾ ദ്വിതീയപാണ്ഡവനോട് ചോദിക്കാൻ ധൈര്യം കാണിച്ചു. "രാജകുമാരാ എന്താണീ സന്തോഷം?" മറുപടി ഉച്ചത്തിലായിരുന്നു; മണിയടി തുടർന്നു കൊണ്ടു തന്നെ. " കാരണം അന്വേഷിക്കണ്ട. നിങ്ങൾ ആഘോഷിക്കൂ. അതിനു വരുന്ന ചിലവ് ഖജനാവിൽ നിന്നെടുത്തോളൂ." ആളുകൾ അന്തം വിട്ടുനിന്നു. അവസാനം മഹാരാജാവ് ഇടപെട്ടു. " എന്താണു കുമാരാ? എന്താണീ ബഹളം ?" താണു തൊഴുതു കൊണ്ട് ഭീമസേനനറിയിച്ചു. '' മഹാരാജൻ, ആ ഇരിക്കുന്ന വൃദ്ധൻ അങ്ങയെ കാണാൻ വന്നതാണ് " രാജാവിന് ആളെ തിരിച്ചറിഞ്ഞു. "അതെ, വന്നിരുന്നു. ഇന്ന് അല്പം തിരക്കുണ്ട് , നാളെ വരൂ എന്നു ഞാൻ പറഞ്ഞതാണല്ലൊ." ഭീമൻ മണിയടി നിറുത്തി. എല്ലാവരും കേൾക്കെ പറഞ്ഞു. "നിങ്ങൾ കേട്ടല്ലൊ? എന്റെ ജ്യേഷ്ഠൻ, ഹസ്തിനപുരത്തിന്റെ ഭരണാധികാരി, നാളെ വരെ ജീവിച്ചിരിക്കുമെന്ന് അദ്ദേഹത്തിന് തീർച്ചയുണ്ട്. അപ്പോൾ ആഘോഷിക്കണ്ടേ?" മണിയൊച്ചയില്ല. ശ്വാസത്തിന്റെ ശബ്ദം പോലുമില്ല. രാജാവ് വിനയത്തോടെ തല കുനിച്ചു. വൃദ്ധനെ അടുത്തേയ്ക്കു വിളിച്ചു. ആവശ്യമുള്ളത് ഖജനാവിൽ നിന്ന് വാങ്ങാൻ കല്പിച്ചു വിട്ടു. ഭീമസേനൻ മഹാരാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു. ''എന്റെ അവിവേകം പൊറുക്കണം." രാജാവ് അനൂജനെ പിടിച്ചെഴുനേൽപ്പിച്ചു. "അവിവേകമോ, അനുജാ ? അതല്ലേ, നീ കാണിച്ചതല്ലേ വിവേകം?" ആ കണ്ണുകളിൽ ഒരു നീർത്തുള്ളിയുണ്ടായിരുന്നു. ഇതൊരു സാരോപദേശമല്ല, വെറും ചിതറിയ ചിന്തകൾ. നാളെ എന്നത് നമുക്ക് ഒട്ടും പ്രവചിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്. അതു കൊണ്ടു തന്നെ സംശയരഹിതമായ നമ്മുടെ മരണവും ഒരു ' നാളെ 'യാണ്. എല്ലാവരും അറിയുന്നുവെങ്കിലും അറിയുന്നുവെന്ന് നടിക്കാത്ത പരമസത്യം. അതു കൊണ്ട്? അതുകൊണ്ട് ഇന്നു ചെയ്തു തീർക്കാനുള്ളത് ഇന്നു തന്നെയാകട്ടെ. നാളെ അനിശ്ചിതമാണ്.. ഹരേ കൃഷ്ണാ.. കടപ്പാട് : Ambalapuzha Sreekrishnaswamy Temple

+21 प्रतिक्रिया 1 कॉमेंट्स • 23 शेयर

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വള്ളസദ്യ വള്ളസദ്യ എന്നു കേട്ടിട്ടില്ലേ. കേട്ടാല്‍ മാത്രം പോരാ ഉണ്ണുകയും വേണ്ടേ. ആറന്‍മുള വള്ളസദ്യയ്ക്ക് പോവാന്‍ സമയമാകുന്നു.... ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്. ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ് വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വിളമ്പുകാര്‍ എത്തിക്കുന്ന ചടങ്ങ് രസകരമാണ്. ഊണുകഴിഞ്ഞ് കൈ കഴുകിയ ശേഷം കരക്കാര്‍ വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും. പറ തളിക്കുക എന്നാണിതിന് പേര്. തുടര്‍ന്ന് പള്ളിയോട കരക്കാര്‍ ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാര്‍ പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ സമാപിക്കുകയായി. തിരുവോണദിവസം തിരുവോണത്തോണിയിലെത്തുന്ന പച്ചക്കറികളും ധാന്യങ്ങളും പാകംചെയ്താണ് തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്നത്. അന്ന് വള്ളസദ്യ ഉണ്ടായിരിക്കുന്നതല്ല. ആറന്മുള വള്ളസദ്യയ്ക്ക് പങ്കെടുക്കണമെങ്കില്‍ പാസ് വേണം. മുന്‍കൂട്ടി പാസ് ഉറപ്പിച്ചിട്ടു യാത്ര പുറപ്പെടുന്നതാണ് നല്ലത്. പള്ളിയോട സേവാസംഘത്തെയാണ് പാസിനായി ബന്ധപ്പെടേണ്ടത്. ഓം നമോ ഭഗവതേ വാസുദേവായ! ശ്രീ ഗുരുവായൂരപ്പൻ ഓം: നമോ: നാരായണായ.

+16 प्रतिक्रिया 4 कॉमेंट्स • 40 शेयर